പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസ് എംഎൽഎ; വാക്കേറ്റം കയ്യാങ്കളിയായി, കേസ് രജിസ്റ്റർ ചെയ്തു

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, സജാദും ഭാര്യ സിനിയും നൽകിയ പരാതിയിലും പോലീസ് നടപടിയെടുത്തിട്ടുണ്ട്.

താനും മക്കളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് സിനിയുടെ ആരോപണം. ബ്ലോക്ക് പഞ്ചായത്ത് യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് മകളെക്കൊണ്ട് വായിപ്പിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, വിഷയം ചോദ്യം ചെയ്തപ്പോൾ തങ്ങളെ പിടിച്ചുതള്ളുകയായിരുന്നുവെന്നും സിനി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപിന്റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കവും തുടർന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റുമാണ് സംഘർഷത്തിന് വഴിവെച്ചത്. വിഷയം ചർച്ച ചെയ്യുന്നതിനായി എംഎൽഎ രമ്യ ഹരിദാസും പാളയം പ്രദീപും പോസ്റ്റിട്ട നേതാവിന്റെ വീട്ടിലെത്തിയതോടെ, അവിടെ എത്തിയ മറ്റ് പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ പ്രാദേശിക നേതാക്കൾ മർദിച്ചതായി ആരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, രമ്യ ഹരിദാസ് തന്നെയാണ് തങ്ങളെ മർദിച്ചതെന്ന് മറുവിഭാഗവും ആരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്പര പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക