അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തുടർന്ന് ആന്റോ അഗസ്റ്റിനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയിൽ കോടതി നാളെ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും, മദ്യം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചു. വീട് തന്റെ പേരിലല്ലെന്നും, ഉടമസ്ഥാവകാശ കേസ് നിലവിലുണ്ടെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ആന്റോയുടെ വസതിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്‌സൈസിന്റെ വാദം. എന്നാൽ അത് വ്യാജമദ്യമല്ല, വീട്ടിൽ നിർമ്മിച്ച വൈനാണെന്നാണ് ആന്റോ അഗസ്റ്റിന്റെ വിശദീകരണം.
ശാസ്ത്രീയ പരിശോധന പൂർത്തിയാക്കാതെ വ്യാജമദ്യമെന്ന് ആരോപിക്കുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
