റിപ്പോർട്ടർ ടി.വിയിൽ പൊലീസ് നടത്തിയ പരിശോധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡുകൾ എല്ലാക്കാലത്തും ഇതേ രീതിയിലാണ് നടക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി.
മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘നിങ്ങൾ ആരാണ്?’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ആവശ്യമെങ്കിൽ പരിശോധനയ്ക്കായി അടുക്കളയിലും ബെഡ്റൂമിലും കയറുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും എല്ലായിടത്തും ഉദ്യോഗസ്ഥർ ഇതേ രീതിയിലാണ് പരിശോധന നടത്തുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
റിപ്പോർട്ടർ ടി.വി. ഓഫീസ് ഉൾപ്പെടെ അഞ്ച് ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ മാധ്യമപ്രവർത്തകരെ തടഞ്ഞുവെച്ചെന്നും ഫോണുകൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടർ ടി.വി. ആരോപിച്ചു. ഇതേത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം തത്സമയ സംപ്രേഷണം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട്, നികുതി വെട്ടിപ്പ് ആരോപണങ്ങൾ എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
