റിപ്പോർട്ടർ ടി.വി. ഓഫീസിലെ പരിശോധന; മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് എം.എ. ബേബി

റിപ്പോർട്ടർ ടി.വിക്കെതിരായ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചാനൽ മാനേജ്‌മെന്റ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും, എന്നാൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മെസ്സി വിവാദവുമായി ബന്ധപ്പെട്ട കേസാണ് അന്വേഷിക്കുന്നതെങ്കിൽ അന്വേഷണം അതിന്റെ നിയമപരമായ വഴിയിലൂടെ മുന്നോട്ടുപോകണം. അതിന്റെ പേരിൽ റിപ്പോർട്ടർ ചാനൽ ഓഫീസിൽ അതിക്രമിച്ച് കയറിയത് തെറ്റായ നടപടിയാണെന്നും എം.എ. ബേബി വ്യക്തമാക്കി.

കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിനെതിരായ ഇത്തരം നടപടികളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജി. സുധാകരനെ സിപിഐഎമ്മിലേക്ക് തിരികെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും എം.എ. ബേബി പ്രതികരിച്ചു. പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ സ്വാഗതം ചെയ്യുമെന്നും നേരത്തെ പാർട്ടി വിട്ടുപോയ ശേഷം തിരിച്ചെത്തിയ നിരവധി പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടി വിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരക്കാർ തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അക്കാര്യം അപ്പോൾ പരിശോധിക്കാമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക