ഇറാനെതിരെ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായി സാമ്പത്തിക ബന്ധം പുലർത്തുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് എല്ലാ ആഴ്ചയും പുതിയ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇറാനിയൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന വിദേശ ബാങ്കുകളെ ഡോളർ അധിഷ്ഠിത ആഗോള സാമ്പത്തിക സംവിധാനത്തിൽ നിന്ന് വിച്ഛേദിക്കുന്ന നടപടികളിലേക്കും വാഷിംഗ്ടൺ കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ അവസാനത്തിനുശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് സാമ്പത്തിക സമ്മർദവും ശക്തമാകുന്നത്. ഞായറാഴ്ച ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾ അമേരിക്ക ആക്രമിച്ചിരുന്നു. കടൽ മൈനുകൾ വഹിക്കുന്ന റോക്കറ്റുകൾ പ്രയോഗിക്കാൻ ഇറാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.
തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് ‘കാര്യമായ നാശനഷ്ടം’ വരുത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് സാമ്പത്തിക രംഗത്തും സമ്മർദം ശക്തമാക്കാനുള്ള അമേരിക്കൻ നീക്കം.
നോർത്ത് കരോലിനയിലെ ആഷെവില്ലിൽ നടക്കുന്ന ജി20 ധനകാര്യ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബെസെന്റ് പുതിയ ഉപരോധ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്. “ഓരോ ആഴ്ചയും നിങ്ങൾ ഇതിൽ കൂടുതൽ കാണാൻ പോകുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ബാങ്കുകളെയായിരിക്കും പ്രധാനമായും ലക്ഷ്യമിടുകയെന്നും ബെസെന്റ് വ്യക്തമാക്കി.
ഇറാനുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കണമെന്ന് ജി20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ദ്വിതീയ ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കണമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്. “ഒന്നുകിൽ നിങ്ങൾ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ ഇറാനികൾക്കൊപ്പമാണ്” എന്ന കടുത്ത മുന്നറിയിപ്പും ബെസെന്റ് നൽകി.
ഈ ആഴ്ച തന്നെ ഒരു ബാങ്കിനെ കൂടി ലക്ഷ്യമിട്ട് നടപടി സ്വീകരിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. ആവശ്യമായാൽ ഇറാനെതിരെ “സാമ്പത്തിക അക്രമം” പ്രയോഗിക്കാനും വൈറ്റ് ഹൗസ് തയ്യാറാണെന്നാണ് ബെസെന്റിന്റെ മുന്നറിയിപ്പ്.
ഇറാന്റെ സാമ്പത്തിക ശൃംഖലയെ തകർക്കുന്നതിനായി ട്രംപ് ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സമ്മർദ പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. ടെഹ്റാനുമായി വ്യാപാരം നടത്തുന്ന വിദേശ കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മേൽ ദ്വിതീയ ഉപരോധ ഭീഷണി ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ നീക്കം ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായ ചൈനയെയും സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. യുദ്ധത്തിന് മുമ്പ് ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങുന്നവരിൽ ഒന്നായിരുന്നു ചൈന. ഇറാനുമായുള്ള വ്യാപാരം നിയമാനുസൃതമാണെന്നാണ് ബീജിംഗിന്റെ നിലപാട്. ചൈനീസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന നടപടികളെ ശക്തമായി എതിർക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയും അമേരിക്കയുടെ സാമ്പത്തിക സമ്മർദ പ്രചാരണത്തെ എതിർത്തിട്ടുണ്ട്. ഏകപക്ഷീയമായ ഉപരോധങ്ങളെ മോസ്കോ പൂർണമായും എതിർക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പുതിയ നിയന്ത്രണങ്ങളെ നേരിടാൻ ഇറാനും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും റഷ്യ അറിയിച്ചു.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നീക്കം ശക്തമാകുന്നതോടെ ആഗോള എണ്ണവിപണിയിലും അന്താരാഷ്ട്ര വ്യാപാര രംഗത്തും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും ശക്തമാകുകയാണ്.
