എൽഡിഎഫിനെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് ; അവർ വീണ്ടും മുന്നണിക്കൊപ്പം അണിനിരക്കുന്ന സാഹചര്യമുണ്ടാകും: പിണറായി വിജയൻ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ന്യായീകരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എൽഡിഎഫിനെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും അവർ വീണ്ടും മുന്നണിക്കൊപ്പം അണിനിരക്കുന്ന സാഹചര്യമുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്രചാരണങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് എൽഡിഎഫിനെ വിട്ടുപോയവർ യാഥാർഥ്യം തിരിച്ചറിഞ്ഞ് മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കൊപ്പം നിന്ന് നേതൃത്വത്തിൽ പ്രവർത്തിച്ചശേഷം പാർട്ടിയെ വഞ്ചിച്ച ടി.കെ. ഗോവിന്ദനാണ് എതിർ സ്ഥാനാർഥിയായി എത്തിയതെന്നും പിണറായി ആരോപിച്ചു. അവസരവാദത്തിന്റെയും വർഗവഞ്ചനയുടെയും പാരമ്യമാണ് ടി.കെ. ഗോവിന്ദൻ കാണിച്ചതെന്നും ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയവർ അധികകാലം രാഷ്ട്രീയത്തിൽ നിലനിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും പാർട്ടിക്ക് ഒരു പോറലുപോലും ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. പാർട്ടിയെ ഉപേക്ഷിച്ചുപോയവരും കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രസർക്കാരുമായി പി.എം. ശ്രീ പദ്ധതിയിൽ കരാർ ഒപ്പിട്ടതിനെക്കുറിച്ചും പിണറായി വിശദീകരണം നൽകി. സർവശിക്ഷ ഫണ്ട് നേടിയെടുക്കുന്നതിനാണ് കരാറിൽ ഒപ്പിട്ടതെന്നും പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് അന്നുതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പിന്നീട് കരാറിൽ നിന്ന് സർക്കാർ പിന്മാറിയതെന്നും പിണറായി വ്യക്തമാക്കി.

ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും വഖഫ് ബോർഡ് വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പരാമർശങ്ങൾ.

മറുപടി രേഖപ്പെടുത്തുക