ഹൂത്തികളുമായി യുഎസിന്റെ രഹസ്യ ചർച്ച; സൗദിക്ക് നേരിട്ടുള്ള സൈനിക പിന്തുണയിൽ നിന്ന് പിന്മാറി ട്രംപ് ഭരണകൂടം

യെമൻ സംഘർഷത്തിനിടെ നിർണായക നീക്കവുമായി അമേരിക്ക. ഒമാനിലെ മസ്കറ്റിൽ ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ഹൂത്തി ആക്രമണങ്ങളെ നേരിടാൻ അമേരിക്കയുടെ നേരിട്ടുള്ള സൈനിക സഹായം തേടിയതിന് പിന്നാലെയാണ് ഈ നീക്കം. എന്നാൽ, നേരിട്ട് സൈനികമായി ഇടപെടാൻ വാഷിങ്ടൺ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ.

മസ്കറ്റിലെ യുഎസ് എംബസിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഒമാൻ സർക്കാർ മധ്യസ്ഥത വഹിച്ചതായാണ് വിവരം. യുഎസ് എംബസി ഉദ്യോഗസ്ഥരും ഹൂത്തികളുടെ മുതിർന്ന നേതാക്കളായ മുഹമ്മദ് അബ്ദുൾ സലാമും അബ്ദുൾമാലിക് അൽ-അജിരിയും ചർച്ചയിൽ പങ്കെടുത്തതായി അഞ്ച് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ കപ്പലുകൾ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നും 2025ൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണ പാലിക്കുമെന്നും ഹൂത്തികൾ യുഎസ് പ്രതിനിധികൾക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. ഇസ്രായേൽ കപ്പലുകളെയും മറ്റ് വാണിജ്യ കപ്പലുകളെയും ആക്രമിക്കില്ലെന്നും ഹൂത്തികൾ വ്യക്തമാക്കിയതായി സ്രോതസ്സുകൾ പറയുന്നു. എന്നാൽ സൗദിയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഈ ഉറപ്പ് ബാധകമല്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചെങ്കടലിലെ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും മേഖലയിൽ ഭീകരവാദം വ്യാപിക്കുന്നത് തടയുന്നതും അമേരിക്കയുടെ പ്രധാന താൽപര്യങ്ങളാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഹൂത്തികൾ ചെങ്കടൽ തീരത്ത് നടത്തിയ മുന്നേറ്റം ശക്തമായതിനെ തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയുടെ സൈനിക സഹായം തേടിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നേരിട്ടുള്ള സൈനിക ഇടപെടലിന് പകരം ഇന്റലിജൻസ് വിവരങ്ങളും ലക്ഷ്യനിർണയ സഹായവും നൽകാമെന്ന നിലപാടാണ് വാഷിങ്ടൺ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

പുതിയ സംഭവവികാസത്തോടെ യെമൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് സൈനിക ഇടപെടുന്നതിനേക്കാൾ നയതന്ത്ര മാർഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനമാണോ സ്വീകരിക്കുന്നതെന്ന ചർച്ചയും ശക്തമായി. അതേസമയം, സൗദിയും ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക