വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്നും, അതിന് പിന്നിൽ സർക്കാരിന്റെ വ്യക്തമായ സമ്മതമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ റിയാസ്, സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു തീരുമാനം ഉണ്ടാകില്ലെന്നും പറഞ്ഞു. യഥാർഥ മതവിശ്വാസികൾ ഇത്തരം നടപടികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ മുസ്ലിം ലീഗ് വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ എന്തൊക്കെ സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്, അതുതന്നെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രധാന വിവാദങ്ങളിലൊന്നാണ് ഇത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം പാടിയത് യാദൃശ്ചികമായിരുന്നില്ല, അത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അനുവദിച്ചത്,” എന്നും റിയാസ് പറഞ്ഞു.
അതേസമയം, വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വന്ദേ മാതരം മുഴുവൻ പാടാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക് ഭവന്റെ നിർദേശപ്രകാരമാണ് ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
