ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 80 ശതമാനം വോട്ട് നേടി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രസിദ്ധമായ ’80-20’ സൂത്രവാക്യം അദ്ദേഹം വീണ്ടും ആവർത്തിച്ചത്. ദേശീയതയിലും വികസനത്തിലും വിശ്വസിക്കുന്ന 80 ശതമാനം വോട്ടർമാർ ഭരണസഖ്യത്തെ പിന്തുണയ്ക്കുമെന്നും ശേഷിക്കുന്ന 20 ശതമാനം വോട്ട് മാത്രമേ പ്രതിപക്ഷത്തിന് ലഭിക്കൂ എന്നുമാണ് യോഗിയുടെ അവകാശവാദം.
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ സീറ്റുകൾ എൻ.ഡി.എ സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പ്രവചിച്ചു. ഇതനുസരിച്ച് ഏകദേശം 322 സീറ്റുകൾ സഖ്യത്തിന് ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. 2017-ൽ 325 സീറ്റുകൾ നേടിയ എൻ.ഡി.എയ്ക്ക് 2022-ലെ തിരഞ്ഞെടുപ്പിൽ 273 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിവന്നിരുന്നു. നഷ്ടപ്പെട്ട ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം.
അതേസമയം, രാമക്ഷേത്ര നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉയർത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
