ഇന്ദ്രൻസും മധുബാലയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘ചിന്ന ചിന്ന ആസൈ’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ജൂലൈ 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് ലഭ്യമാകും. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം ജീവിതത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചകൾ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന കഥയാണ് പറയുന്നത്.
തഞ്ചാവൂരിൽ നിന്നുള്ള ലീലയായി മധുബാലയും കേരളത്തിൽ നിന്നുള്ള അധ്യാപകനായ മാധവൻ മാസ്റ്ററായി ഇന്ദ്രൻസുമാണ് ചിത്രത്തിൽ എത്തുന്നത്. വാരാണസിയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഇവരുടെ ഒരു ദിവസത്തെ യാത്രയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പരസ്പരം ഭാഷ അറിയാത്ത രണ്ട് വ്യക്തികൾ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നതിനിടെ രൂപപ്പെടുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
സംഭാഷണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് സിനിമയുടെ അവതരണം. അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായ് ജനനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കുടുംബ പ്രേക്ഷകരെയും ഹൃദയസ്പർശിയായ കഥകളെ ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ടുള്ള ചിത്രമായാണ് ‘ചിന്ന ചിന്ന ആസൈ’ ശ്രദ്ധ നേടുന്നത്.
