ഡൽഹി വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി തമിഴ് താരങ്ങൾ; ചോദ്യങ്ങൾക്ക് ലാത്തി ഉപയോഗിച്ച് ഉത്തരം നൽകരുത്: പ്രദീപ് രംഗനാഥൻ

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി-യുവജന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ തമിഴ് സിനിമാരംഗത്തുനിന്ന് പിന്തുണ ശക്തമാകുന്നു. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ ഉൾപ്പെടെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, “ചോദ്യങ്ങൾക്ക് ലാത്തികൊണ്ട് ഉത്തരം നൽകരുത്” എന്ന ഹ്രസ്വ സന്ദേശത്തോടെയാണ് പ്രദീപ് രംഗനാഥൻ പ്രതികരിച്ചത്. #NEET എന്ന ഹാഷ്‌ടാഗും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

നടൻ ദീക്ഷിത് ഷെട്ടിയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. വിദ്യാർത്ഥികളാണ് ഒരു രാജ്യത്തിന്റെ ഭാവിയെന്നും വിദ്യാഭ്യാസം പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുകൾക്കതീതമായി, ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് വേദനാജനകമാണെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

ഓരോ പ്രതിഷേധത്തിന്റെയും പിന്നിൽ സ്വപ്നങ്ങളും വർഷങ്ങളായുള്ള പരിശ്രമവും കുടുംബങ്ങളുടെ പ്രതീക്ഷകളും ഉണ്ടെന്നും, വിദ്യാർത്ഥികളുടെ ശബ്ദം സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും കേൾക്കപ്പെടണമെന്നും ദീക്ഷിത് അഭിപ്രായപ്പെട്ടു. സംഘർഷത്തിന് പകരം സംഭാഷണമാണ് വേണ്ടതെന്നും സമാധാനപരമായ പരിഹാരമാണ് രാജ്യം തേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് നടി അനിഷ്മ അനിൽകുമാറും പ്രതിഷേധക്കാരോട് പിന്തുണ അറിയിച്ചു. നിശബ്ദത പാലിക്കാൻ എളുപ്പമുള്ള സാഹചര്യങ്ങളുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ മനുഷ്യത്വം പ്രതികരിക്കാൻ ആവശ്യപ്പെടുന്നുവെന്ന് അവർ പറഞ്ഞു. ഓരോ പൗരനും സുരക്ഷിതത്വവും ബഹുമാനവും അർഹിക്കുന്നവരാണെന്നും അഭിപ്രായവ്യത്യാസങ്ങൾ ബലപ്രയോഗത്തിലൂടെയല്ല, സംവാദത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.

“ഇത് പക്ഷം പിടിക്കുന്നതിനെക്കുറിച്ചല്ല, സഹാനുഭൂതി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ്. കേൾക്കാനും സംവദിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള മനുഷ്യത്വം നഷ്ടപ്പെടരുത്,” എന്നാണ് അനിഷ്മയുടെ പ്രതികരണം.

വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ദേശീയതലത്തിൽ ചർച്ചയാകുന്നതിനിടെ, സിനിമാ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പിന്തുണയും പ്രതിഷേധത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക