സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഒക്ടോബർ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടുപേർ വീതം പങ്കെടുത്തുകൊണ്ടായിരിക്കും സമരം നടത്തുകയെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസും വൈസ് പ്രസിഡന്റ് ശരണ്യ മനോജും ആദ്യഘട്ടത്തിൽ നിരാഹാരമനുഷ്ഠിക്കും.

സ്വകാര്യ ബസുകളുടെ സർവീസുകൾ പൂർണമായി നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടന്നാൽ സാധാരണ യാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദുരിതത്തിലാകുമെന്നതിനാലാണ് ആദ്യഘട്ടത്തിൽ നിരാഹാര സമരം തിരഞ്ഞെടുക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഫെഡറേഷന്റെ തീരുമാനം.

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള യാത്രാനിരക്കുകൾ അടിയന്തരമായി വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾക്ക് പ്രത്യേക സാമ്പത്തിക സംരക്ഷണം ഉറപ്പാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.

പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ എത്രയും വേഗം നടപ്പാക്കുക, ആർ.ടി. ഓഫീസുകളിൽനിന്നുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസുടമകളുടെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക