ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് വന്‍തോതില്‍ പണം കൈമാറിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ഏകദേശം 126 കോടി രൂപ വിദേശ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെസിയുടെ സന്ദര്‍ശനം വിവാദമായ ഘട്ടത്തില്‍ തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും, പിന്നീട് വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സൂചനകള്‍ ലഭിച്ചതോടെയാണ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക കരാര്‍ രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഇഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വഴിയാണ് തുക വിദേശത്തേക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, 126 കോടി രൂപയുടെ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും സമാന്തര അന്വേഷണം നടത്തുകയാണ്. സേവന നികുതിയിനത്തില്‍ ഏകദേശം 22 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നേരത്തെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നിലവില്‍ ഫെമ ലംഘനവുമായി ബന്ധപ്പെട്ട കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും, കൂടുതല്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ തെളിവുകള്‍ ലഭിച്ചാല്‍ കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമുള്ള അന്വേഷണത്തിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിന് മുമ്പ് വിജിലന്‍സോ മറ്റ് അന്വേഷണ ഏജന്‍സികളോ ഈ വിഷയത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നാണ് വിവരം.
