യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ കെട്ടടങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ മുഖ്യമന്ത്രിയുടെ മീഡിയ കോഡിനേറ്റർ പ്രധാന കണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഹുസൈൻ 40ലേറെ തവണ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പലതവണ ഇയാളുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എന്നാൽ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുന്നതിന് പൊലീസിന് വിലക്കുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിയുമായുള്ള ബന്ധമല്ലാതെ മറ്റെന്താണ് ഇതിന് പിന്നിലെന്നും ഫോൺ കോൾ രേഖകൾ പരിശോധിച്ചാൽ നിരവധി ഉന്നതരുമായുള്ള ബന്ധം പുറത്തുവരുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വന്ദേമാതരം വിഷയത്തിൽ കോൺഗ്രസ് പൂർണമായും ആർഎസ്എസിന് കീഴടങ്ങുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും എഐസിസി ആസ്ഥാനത്തും വന്ദേമാതരം പൂർണമായും ആലപിച്ചെന്നും 90 വർഷമായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്ന നിലപാടിൽ വെള്ളം ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റത്തിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ഇതോടെ തെറ്റാണെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.
