ദേശീയ ഗീതം പഴയ രീതിയിൽ തന്നെ ആലപിച്ചതാണ് കുറ്റമെങ്കിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി എന്നിവർക്കെതിരെയും കേസെടുക്കണം: ഖാർഗെ

എഐസിസി ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ പൊലീസ് പരാതികൾ ലഭിച്ചിരുന്നു.

ദേശീയ ഗീതം പഴയ രീതിയിൽ തന്നെ ആലപിച്ചതാണ് കുറ്റമെങ്കിൽ മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി എന്നിവർക്കെതിരെയും കേസെടുക്കേണ്ടിവരുമായിരുന്നുവെന്ന് ഖാർഗെ പരിഹസിച്ചു. തങ്ങളും പാടിയത് മുൻകാല നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആലപിച്ച അതേ വന്ദേമാതരമാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സോണിയാ ഗാന്ധി വന്ദേമാതരം ആലാപനം തടസപ്പെടുത്തിയിട്ടില്ലെന്നും, ഖാർഗെയ്ക്ക് ഇരിക്കാൻ കസേര കൊണ്ടുവരാനാണ് അവർ ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് വിശദീകരിച്ചിരുന്നു.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഖാർഗെ പൊലീസ് നടപടിയെ ചോദ്യം ചെയ്തത്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും ആലപിച്ച അതേ വന്ദേമാതരമാണ് കോൺഗ്രസും ആലപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“ഇത് കുറ്റകൃത്യമാണെങ്കിൽ, വർഷങ്ങളായി ഇതേ രീതിയിൽ വന്ദേമാതരം ആലപിച്ച എല്ലാവർക്കുമെതിരെ കേസെടുക്കണം. മഹാത്മാ ഗാന്ധിക്കെതിരെയും നെഹ്‌റുവിനെതിരെയും കേസെടുക്കണം,” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക