വോട്ടർ ഐഡിക്ക് അപ്പുറം; ട്രംപ് പ്രശംസിച്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വ്യത്യസ്തമാക്കുന്നത് ഈ സുരക്ഷാ സംവിധാനങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ പ്രശംസിക്കുകയും അമേരിക്കയ്ക്ക് മാതൃകയാക്കാവുന്ന സംവിധാനമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും വീണ്ടും ചർച്ചയാകുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം പരാമർശിച്ച ട്രംപ്, നിർബന്ധിത ഫോട്ടോ തിരിച്ചറിയൽ രേഖയില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചോദ്യം ചെയ്യുകയും ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവും സർക്കാർ നൽകുന്ന ഫോട്ടോ തിരിച്ചറിയൽ രേഖയും നിർബന്ധമാക്കണമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.

എന്നാൽ, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കരുത്ത് വോട്ടർ ഐഡി കാർഡിൽ മാത്രം ഒതുങ്ങുന്നതല്ല. ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ, നിയമസഭാ കൗൺസിലുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്കും നേതൃത്വം നൽകുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് സംവിധാനത്തിന്റെ കേന്ദ്രബിന്ദു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 64.2 കോടിയിലധികം ആളുകളാണ് വോട്ട് ചെയ്തത്. ഒരു ദശലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായി നടന്ന തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയകളിലൊന്നായി മാറി. വിദൂര ഗ്രാമങ്ങൾ മുതൽ ദുർഘടമായ ഭൂപ്രദേശങ്ങളും വൻ നഗരങ്ങളും വരെ ഉൾപ്പെടുന്നതായിരുന്നു തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വ്യാപ്തി.

വോട്ടർ പട്ടിക മുതൽ പരിശോധന വരെ

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം വോട്ടർ പട്ടികയാണ്. വോട്ടർ പട്ടിക തയ്യാറാക്കൽ, പരിശോധന, പുതുക്കൽ തുടങ്ങിയ നടപടികളിൽ ബൂത്ത് ലെവൽ ഓഫീസർമാർ പ്രധാന പങ്കുവഹിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പട്ടികയിലെ വിവരങ്ങളും ക്രമക്കേടുകളും പരിശോധിക്കാനും അവസരമുണ്ട്. ഇതിലൂടെ വോട്ടർ പട്ടിക ഭരണപരമായും രാഷ്ട്രീയമായും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നു.

പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരെ തിരിച്ചറിയുന്നതിനായി ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ഉൾപ്പെടെയുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നു. ഇ-EPIC പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖകളും തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

പോളിംഗ് ഏജന്റുമാരും സാങ്കേതിക സുരക്ഷയും

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾക്കും പ്രധാന പങ്കുണ്ട്. പോളിംഗ് ഏജന്റുമാർക്ക് പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ നിരീക്ഷിക്കാം. വോട്ടെണ്ണൽ ഘട്ടത്തിൽ വോട്ടെണ്ണൽ ഏജന്റുമാരുടെ സാന്നിധ്യവും മറ്റൊരു പരിശോധനാ സംവിധാനമായി പ്രവർത്തിക്കുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (EVM) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സംവിധാനവും തിരഞ്ഞെടുപ്പ് സുരക്ഷയുടെ മറ്റൊരു പ്രധാന ഘടകമാണ്. വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ്, സീലിങ്, സംഭരണം, ഗതാഗതം, പരിശോധന എന്നിവയ്ക്ക് കൃത്യമായ നടപടിക്രമങ്ങളുണ്ട്. സ്ട്രോംഗ് റൂമുകൾ, തിരഞ്ഞെടുപ്പ് നിരീക്ഷകർ, വിശദമായ വോട്ടെണ്ണൽ നടപടിക്രമങ്ങൾ എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു.

വിദഗ്ധരുടെ വിലയിരുത്തലിൽ, വോട്ടർ തിരിച്ചറിയൽ മാത്രമല്ല ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശക്തി. വോട്ടർ രജിസ്ട്രേഷൻ മുതൽ പോളിങ്, വോട്ടെണ്ണൽ, പരിശോധന എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഭരണഘടനാ മേൽനോട്ടം, ഭരണസംവിധാനം, രാഷ്ട്രീയ പാർട്ടികളുടെ നിരീക്ഷണം, സ്ഥാനാർഥികളുടെ പ്രതിനിധികൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ശക്തമാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക