ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. പ്രതിഷേധങ്ങളുടെ പേരിൽ നഗരത്തെ ബന്ദിയാക്കുന്നത് ശരിയല്ലെന്നും നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരം സമരങ്ങൾ നടത്തേണ്ടതുണ്ടോ എന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അഖിലേന്ത്യാ ദളിത് ക്രിസ്ത്യൻ അവകാശ സംരക്ഷണ സമിതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അമിത് മഹാജന്റെ ബെഞ്ചിന്റെ പരാമർശം. ജൂലൈയിൽ ഏകദേശം 75 പേരെ പങ്കെടുപ്പിച്ച് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി തേടി അപേക്ഷ നൽകിയിരുന്നെങ്കിലും, ഡൽഹി പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ് കോടതിയെ അറിയിച്ചു.
ഇതിന് മറുപടിയായി, “എന്തുകൊണ്ട് ജന്തർ മന്തർ അടച്ചുപൂട്ടരുത്? നഗരത്തിന്റെ പ്രധാന ഭാഗത്ത് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത് ജനജീവിതത്തെ ബാധിക്കുന്നില്ലേ? നഗരത്തെ അനാവശ്യമായി ബന്ദിയാക്കേണ്ടത് എന്തിനാണ്?” എന്ന് കോടതി ചോദിച്ചു. പ്രതിഷേധങ്ങൾ നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും പരിഗണിക്കാവുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം, ജന്തർ മന്തർ പ്രതിഷേധവേദിയായി തുടരണമോ എന്ന വിഷയത്തിൽ സുപ്രീം കോടതി ഇതിനകം തന്നെ പരിഗണന നടത്തുകയാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയെ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞയായ 144-ാം വകുപ്പ് നിലവിലുണ്ടെന്നും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാദം കേട്ട കോടതി, ഹർജിക്കാരന്റെ അപേക്ഷയിൽ ഓഗസ്റ്റ് 8-നകം ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചുകൊണ്ട് ഹർജി തീർപ്പാക്കി. അതേസമയം, ജന്തർ മന്തറിന് പകരം രാംലീല മൈതാനം പോലുള്ള ബദൽ സ്ഥലങ്ങൾ പ്രതിഷേധങ്ങൾക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര സർക്കാരിനോട് ഇതുസംബന്ധിച്ച വിശദീകരണവും സുപ്രീം കോടതി തേടിയിട്ടുണ്ട്.
