കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ അറിയിച്ചു.
പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകര്‍ പുതിയ സമരവേദി സ്ഥാപിച്ച് പ്രതിഷേധം പുനരാരംഭിച്ചു. സമരം അവസാനിപ്പിക്കില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
“ഞങ്ങള്‍ വീണ്ടും മാര്‍ച്ച് നടത്തും. ഇവിടെ നിന്ന് പോകില്ല,” എന്നാണ് പാര്‍ലമെന്റ് മാര്‍ച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന് അഭിജിത് ദിപ്‌കെ പ്രതികരിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും അടുത്ത ഘട്ട സമരപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നീക്കങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സിജെപി നേതൃത്വം അറിയിച്ചു.
അതേസമയം, വിദ്യാര്‍ഥി നേതാക്കള്‍ക്ക് പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്ക് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ ഒഴിയേണ്ടി വന്ന സമരവേദിയിലേക്ക് രാത്രി പ്രതിഷേധ മാര്‍ച്ചോടെയായിരുന്നു അഭിജിത് ദിപ്‌കെയും സംഘവും തിരിച്ചെത്തിയത്. നേരത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കുകയും വേദി പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചെത്തിയ പ്രവര്‍ത്തകര്‍ പുതിയ സ്റ്റേജ് നിര്‍മിച്ച് ബാനറുകള്‍ പുനഃസ്ഥാപിക്കുകയും സമരം വീണ്ടും ആരംഭിക്കുകയും ചെയ്തു.
