ലുങ്കിവാല’ പരാമർശം നടത്തിയവർ വിഡ്ഢികൾ: രാജീവ് ചന്ദ്രശേഖർ

രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരമൊരു പരാമർശം നടത്തിയവർ വിഡ്ഢികളാണെന്നും, നേരത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശും തന്നെ ‘ലുങ്കിവാല’ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ജയറാം രമേശ് എന്നെ ലുങ്കിവാല എന്ന് വിളിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വിഡ്ഢിയാണ്. അതുകൊണ്ടുതന്നെ അന്ന് ഞാൻ പ്രതികരിച്ചില്ല. ആരെങ്കിലും അത്തരത്തിൽ വിളിച്ചാൽ അതും വിഡ്ഢിത്തം തന്നെയാണ്. ആളുകൾ എന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു എന്നതല്ല പൊതുചർച്ചയുടെ വിഷയം ആകേണ്ടത്,” എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ബിജെപി അംഗം സുഷ്മിത ദേബ് ജോൺ ബ്രിട്ടാസിനെ ‘ലുങ്കിവാല’ എന്ന് വിളിച്ചതാണ് വിവാദമായത്. സംഭവത്തെ തുടർന്ന് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

വന്ദേമാതരം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ദേശീയഗീതവും ദേശീയഗാനവും പാടുന്നതിൽ ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും, അത് പാർലമെന്റ് അംഗീകരിച്ച വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മൾ ഭാരതീയരാണ്. ദേശീയഗാനവും ദേശീയഗീതവും പാടുന്നതിൽ എന്താണ് പ്രശ്നം? ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയും മാധ്യമങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി, ഏതൊരു മാധ്യമവും ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കപ്പെടരുതെന്നാണ് ബിജെപിയുടെ നിലപാടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അത്തരം ആരോപണങ്ങൾ ഉയർന്നാൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക