ഭൂമിയുടെ ഒരു ഭാഗം ചുവന്നു; ‘സൂപ്പർ എൽനിനോ’യിൽ ശാസ്ത്രലോകത്തിന് ആശങ്ക

ലോകം ശക്തമായ എൽനിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എൽനിനോയെ കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ ആഗോളതലത്തിൽ താപനിലയിൽ വലിയ വർധനയുണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ഉയരുന്നതോടെ വൻതോതിൽ താപം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയാണ്. ഇതിന്റെ സ്വാധീനം ആഗോള കാലാവസ്ഥയിലും പ്രകടമാകുന്നുണ്ട്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്നതായി വ്യക്തമാക്കുന്ന കാലാവസ്ഥാ മാപ്പ് പങ്കുവെച്ച് കാലാവസ്ഥാ വിദഗ്ധൻ റയാൻ മാവ് ആശങ്ക പ്രകടിപ്പിച്ചു.

എൽനിനോയുടെ സ്വാധീനത്തെ തുടർന്ന് അമേരിക്ക ഒഴികെയുള്ള വിവിധ മേഖലകളിൽ ആഗോള താപനില ഉയർന്നതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ശൈത്യകാലത്തെയും എൽനിനോ ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1950ന് ശേഷമുള്ള ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളിലൊന്നായി ഇത് മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

2026ന്റെ അവസാന മാസങ്ങളിൽ സമുദ്രോപരിതല താപനിലയിൽ വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണ നിലയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

എൽനിനോയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾ, അതിശക്തമായ മഴ, വരൾച്ച തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ സാധ്യതയും വർധിച്ചേക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ

മറുപടി രേഖപ്പെടുത്തുക