കൃത്രിമബുദ്ധിയുടെ വളർച്ചയ്ക്കൊപ്പം വർധിക്കുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗത്തിനും പാരിസ്ഥിതിക ആഘാതങ്ങൾക്കും പരിഹാരം തേടി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ഗൂഗിൾ. ‘സൺകാച്ചർ’ പദ്ധതിയുടെ ഭാഗമായി ചെറിയൊരു പ്രൊട്ടോടൈപ്പ് ഉപഗ്രഹം ഒക്ടോബർ ഒന്നിന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കാനാണ് പദ്ധതി.
ഏകദേശം ആറ് വർഷത്തോളം ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹത്തിലൂടെ ഡാറ്റാ സംസ്കരണവും വിതരണവും പരീക്ഷിക്കും. എന്നാൽ പൂർണതോതിലുള്ള ബഹിരാകാശ ഡാറ്റാ സെന്ററുകൾ യാഥാർഥ്യമാകാൻ ഏതാനും വർഷങ്ങൾ കൂടി വേണ്ടിവരുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ.
ഭൂമിയിലെ ഡാറ്റാ സെന്ററുകളുടെ വൻ വൈദ്യുതി ഉപഭോഗവും തണുപ്പിക്കാനായി ഉപയോഗിക്കുന്ന ജലവും ഉയർത്തുന്ന പാരിസ്ഥിതിക ആശങ്കകളാണ് ബഹിരാകാശ ഡാറ്റാ സെന്ററുകളിലേക്കുള്ള ചർച്ചകൾക്ക് വേഗം കൂട്ടുന്നത്. എന്നാൽ ബഹിരാകാശ മാലിന്യം, വികിരണം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയിലെ ബുദ്ധിമുട്ടുകൾ, റോക്കറ്റ് വിക്ഷേപണങ്ങളുടെ പാരിസ്ഥിതിക ആഘാതം തുടങ്ങിയ വെല്ലുവിളികളും പദ്ധതിക്ക് മുന്നിലുണ്ട്.
