ആഷസും ഇന്ത്യക്കെതിരായ പരമ്പരകളും തുണച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് റെക്കോർഡ് വരുമാനം

2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനവും അറ്റ മിച്ചവും നേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ). 601.1 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരുമാനവും 81.8 മില്യൺ ഡോളർ അറ്റ മിച്ചവുമാണ് സംഘടന രേഖപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരകളുടെയും ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുടെയും മാധ്യമാവകാശങ്ങളാണ് വരുമാനത്തിൽ നിർണായകമായത്. മുൻ സാമ്പത്തിക വർഷം 11.3 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ നഷ്ടമാണ് സിഎ നേരിട്ടിരുന്നത്.

സ്വന്തം നാട്ടിൽ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മികച്ച കാണികളുടെ പങ്കാളിത്തം ലഭിച്ചതും വരുമാന വർധനയ്ക്ക് സഹായകമായി. 18 ദിവസങ്ങളിലായി നടന്ന പരമ്പര 8,59,580 പേർ വീക്ഷിച്ചു. പരമ്പര ഓസ്‌ട്രേലിയ 4–1ന് സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ 2–1ന് നേടിയപ്പോൾ ടി20 പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.

എന്നാൽ വരും വർഷങ്ങളിൽ ഇതേ സാമ്പത്തിക നേട്ടം ആവർത്തിക്കാനാകില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലയിരുത്തൽ. അന്താരാഷ്ട്ര പര്യടനങ്ങളുടെ സമയക്രമം മൂലം മാധ്യമാവകാശ വരുമാനത്തിലും മത്സരങ്ങളിൽനിന്നുള്ള വരുമാനത്തിലും കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ 2026–27, 2027–28 സാമ്പത്തിക വർഷങ്ങളിൽ നഷ്ടം പ്രതീക്ഷിക്കുന്നതായും സംഘടന വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക