ഇന്റർ മയാമിക്ക് പുതിയ പരിശീലകൻ; മുൻ അർജന്റീന താരം കിലി ഗൊൺസാലസ് ചുമതലയേറ്റു

തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിന്നാലെ നിലവിലെ എംഎൽഎസ് കപ്പ് ചാമ്പ്യൻമാരായ ഇന്റർ മയാമി പുതിയ പരിശീലകനെ നിയമിച്ചു. മുൻ അർജന്റീനൻ ദേശീയ താരം കിലി ഗൊൺസാലസാണ് ക്ലബ്ബിന്റെ പുതിയ മുഖ്യപരിശീലകൻ. താൽക്കാലിക പരിശീലകനായിരുന്ന ഗില്ലെർമോ ഹൊയോസിന്റെ പകരക്കാരനായാണ് അദ്ദേഹത്തിന്റെ നിയമനം.

അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും തോൽവി വഴങ്ങിയതോടെയാണ് പരിശീലക മാറ്റത്തിന് ക്ലബ് നേതൃത്വം തീരുമാനിച്ചത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിലി ഗൊൺസാലസിനെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

1995 മുതൽ 2005 വരെ അർജന്റീനയ്ക്കായി 56 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച കിലി ഗൊൺസാലസ്, ഇന്റർ മയാമി നായകനും ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസിക്കൊപ്പം ദേശീയ ടീമിൽ കളിച്ച അനുഭവസമ്പത്തുള്ള താരമാണ്. യൂറോപ്യൻ ഫുട്ബോളിൽ ഇന്റർ മിലാൻ, വലൻസിയ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

2020 മുതൽ പരിശീലക രംഗത്തുള്ള ഗൊൺസാലസ് അർജന്റീനൻ ക്ലബ്ബുകളായ റൊസാരിയോ സെൻട്രൽ, യൂണിയൻ ഡി സാന്താ ഫെ, പ്ലാറ്റെൻസ് എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്റർ മയാമിയാണ് അദ്ദേഹത്തിന്റെ പരിശീലക ജീവിതത്തിലെ നാലാമത്തെ ക്ലബ്.

ഇതിനോടകം തന്നെ ഇന്റർ മയാമിയുടെ തുടർച്ചയായ അഞ്ചാമത്തെ അർജന്റീനൻ പരിശീലകനെന്ന പ്രത്യേകതയും കിലി ഗൊൺസാലസിന് സ്വന്തമായി. 2023 ജൂണിൽ ഹാവിയർ മൊറേൽസ് താൽക്കാലിക പരിശീലകനായി ചുമതലയേറ്റതിന് ശേഷം ജെറാർഡോ മാർട്ടിനോ, ഹാവിയർ മഷെറാനോ, ഗില്ലെർമോ ഹൊയോസ് എന്നിവർക്കു പിന്നാലെയാണ് കിലി ഗൊൺസാലസ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.

മറുപടി രേഖപ്പെടുത്തുക