യാത്രാരേഖകൾ കർശനമായി പരിശോധിക്കണം; വിമാനക്കമ്പനികൾക്ക് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശം

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ യാത്രാരേഖകൾ പൂർണമായും ശരിവെച്ച ശേഷമേ യാത്ര അനുവദിക്കാവൂവെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ . സൗദിയിലേക്ക് എത്തുന്നവരും സൗദിയിൽ നിന്ന് യാത്രതിരിക്കുന്നവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെ എല്ലാവരുടെയും എൻട്രി, എക്സിറ്റ് രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ, സ്വകാര്യ വിമാനക്കമ്പനികൾക്ക് ഒരുപോലെ ബാധകമായ രീതിയിലാണ് ഇതുസംബന്ധിച്ച കർശന സർക്കുലർ ജിഎസിഎ പുറത്തിറക്കിയത്.

യാത്ര ആരംഭിക്കുന്ന രാജ്യം, ലക്ഷ്യരാജ്യം, ട്രാൻസിറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ യാത്രാനിയമങ്ങളും പ്രവേശന വ്യവസ്ഥകളും വിമാനക്കമ്പനികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് തന്നെ ശേഖരിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട രാജ്യങ്ങളിലെ അതോറിറ്റികളുടെ ഔദ്യോഗിക പോർട്ടലുകളിലൂടെയോ അംഗീകൃത ചാനലുകളിലൂടെയോ ലഭിക്കുന്ന വിവരങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.

ബോർഡിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് ആവശ്യമായ എല്ലാ യാത്രാരേഖകളും അനുമതിപത്രങ്ങളും കൈവശമുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം. രേഖകളിലെ അപാകതകൾ മൂലം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് പ്രവേശിപ്പിക്കാനാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നിർദേശം.

അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. വിമാനയാത്രാ നടപടിക്രമങ്ങളിൽ കൂടുതൽ കൃത്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്

മറുപടി രേഖപ്പെടുത്തുക