മമ്മൂട്ടിക്ക് പത്മഭൂഷൺ: ഏറെകാലത്തെ ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷം: മുഖ്യമന്ത്രി

നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഈ ബഹുമതിക്കായി ശുപാർശ നൽകിക്കൊണ്ടിരുന്നതായും ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചത് ഏറെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മമ്മൂട്ടിയെ അഭിനന്ദിച്ച മുഖ്യമന്ത്രി, എല്ലാത്തിനും അതിന്റേതായ കാലമുണ്ടെന്നും പറഞ്ഞു. പല തലമുറകളോടും പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കഥാപാത്രവും മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവപകർച്ചയോടെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാലര ദശകത്തിലധികമായി 400 സിനിമകളിലൂടെയുള്ള അഭിനയ യാത്രയിൽ, പരിചിതനായ മമ്മൂട്ടിയാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കാതൽ’ പോലുള്ള ചിത്രത്തിലെ വേഷം ഏതൊരു സൂപ്പർതാരവും ഏറ്റെടുക്കാൻ മടിക്കുന്നതാണെന്നും, സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സിനിമയ്ക്കും അഭിനയകലക്കും സ്വന്തം ജീവിതം സമർപ്പിച്ച മാതൃകാപരമായ നടനാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു.

മറുപടി രേഖപ്പെടുത്തുക