ടോളിവുഡ് ഡാൻസേഴ്സ് അസോസിയേഷനിലെ 500 ഓളം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകാൻ മുന്നോട്ടുവന്നിരിക്കുകയാണ് സൂപ്പർതാരം രാം ചരൺ. ജന്മദിനത്തിൽ നൽകിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട്, ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
സിനിമാ ഷൂട്ടിംഗിനിടെ കഠിനാധ്വാനം ചെയ്യുന്ന നർത്തകർക്ക് അപകടങ്ങളോ അസുഖങ്ങളോ ഉണ്ടായാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ചരൺ ഈ തീരുമാനം എടുത്തത്. ഈ പദ്ധതിയിലൂടെ ഓരോ നർത്തകന്റെയും കുടുംബത്തിന് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. ഇതിനായി അദ്ദേഹം ഏകദേശം 50 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പാത പിന്തുടരുന്ന ചരൺ, ഭാര്യ ഉപാസനയ്ക്കൊപ്പം ഈ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നു. ‘പെദ്ധി’ പോലുള്ള വലിയ സിനിമകളുടെ തിരക്കിലാണെങ്കിലും, സിനിമാ തൊഴിലാളികളുടെ ക്ഷേമത്തിന് നൽകുന്ന മുൻഗണനയിൽ നർത്തക സംഘടനകളും വ്യവസായ വൃത്തങ്ങളും സന്തോഷം പ്രകടിപ്പിക്കുന്നു.
