ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ നടൻ പ്രകാശ് രാജ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഏകപക്ഷീയമായി ഒഴിവാക്കിയതല്ലെന്നും നിലവിലെ നിയമങ്ങളും പരിശോധനാ നടപടികളും പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും കമ്മീഷൻ വ്യക്തമാക്കി.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ, രജിസ്റ്റർ ചെയ്ത വിലാസത്തിൽ നിന്ന് നാല് വർഷം മുമ്പ് തന്നെ പ്രകാശ് രാജ് താമസം മാറിയതായി കണ്ടെത്തിയതായി കമ്മീഷൻ അറിയിച്ചു. പുതിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ വിവരങ്ങൾ പുതുക്കാൻ ഫോം-6 സമർപ്പിക്കാമെന്ന് അദ്ദേഹത്തോട് അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി.
അതേസമയം, സ്വന്തം മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ പ്രകാശ് രാജ് സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. ജനിച്ച് വളർന്ന പ്രദേശത്തെ വോട്ട് ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം, തന്റെ പേര് മാത്രമല്ല ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകളും പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ആരോപിച്ചിരുന്നു.
ഈ വിഷയത്തിൽ നിയമപരമായി പോരാടുകയോ അല്ലെങ്കിൽ അപേക്ഷ നൽകി വോട്ട് പുനഃസ്ഥാപിക്കുകയോ ചെയ്യുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
