ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്യുന്നു; എഐ ദുരുപയോഗത്തിൽ ആശങ്ക പങ്കുവെച്ച് ശ്രിയ ശരൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി ശ്രിയ ശരൺ. ഡീപ്പ്ഫേക്ക് വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും വ്യക്തികളുടെ സ്വകാര്യതയ്ക്കും മാനസികമായ ക്ഷേമത്തിനും വലിയ വെല്ലുവിളിയാകുന്നുവെന്ന് താരം ചൂണ്ടിക്കാട്ടി. തന്റെ ചിത്രങ്ങൾ പോലും അശ്ലീലമായ രീതിയിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നുണ്ടെന്നും അവ കാണുമ്പോൾ അത് യഥാർഥത്തിൽ താനാണോ എന്ന് സംശയവും ഉത്കണ്ഠയും തോന്നാറുണ്ടെന്നും ശ്രിയ പറഞ്ഞു.

തന്റെ ശരീരഘടന വികൃതമായി മാറ്റുകയും വസ്ത്രങ്ങൾ നീക്കം ചെയ്തതുപോലെ ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചിലർക്ക് ഇത്തരം പ്രവൃത്തികൾ തമാശയായി തോന്നിയേക്കാം. എന്നാൽ, അത് തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും ശ്രിയ വ്യക്തമാക്കി. മുൻപും ഇത്തരത്തിൽ മോർഫ് ചെയ്ത ചിത്രങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും അവർ ഓർമിച്ചു.

എഐ സാങ്കേതികവിദ്യയ്ക്ക് നിരവധി ഗുണങ്ങളുണ്ടെങ്കിലും ഉത്തരവാദിത്തമില്ലാത്ത ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ശ്രിയ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ ദുരുപയോഗം ഉയർത്തുന്ന വെല്ലുവിളികളെ തിരിച്ചറിയുകയും അവയെ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണമെന്നും താരം പറഞ്ഞു.

തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും ശ്രിയ ശരൺ സംസാരിച്ചു. 2001-ൽ പുറത്തിറങ്ങിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കടന്നുവന്നത്. സിനിമാ സെറ്റുകളിലെ പഴയകാല അന്തരീക്ഷവും ഇന്നത്തെ മാറ്റങ്ങളും അവർ താരതമ്യം ചെയ്തു.

അക്കാലത്ത് സെറ്റുകളിൽ കാരവാനുകൾ ഉണ്ടായിരുന്നില്ലെന്നും സിനിമാപ്രവർത്തകർ മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും പുസ്തകങ്ങളെയും സംഗീതത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ശ്രിയ ഓർത്തെടുത്തു. എന്നാൽ ഇന്ന് പലരും ഇയർഫോണുകളുമായി സ്വന്തം ലോകങ്ങളിൽ ഒതുങ്ങുന്ന സാഹചര്യമാണ്. സിനിമകളുടെ കഥപറച്ചിൽ രീതിയിലും സിനിമാ വ്യവസായത്തിന്റെ പ്രവർത്തനരീതിയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

സിനിമാ വ്യവസായത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കേണ്ടതിന്റെ ആവശ്യകതയും ശ്രിയ ശരൺ എടുത്തുപറഞ്ഞു. സ്‌ക്രീനിൽ നടിമാരായി പ്രത്യക്ഷപ്പെടുന്നതിൽ മാത്രം സ്ത്രീകളുടെ പങ്ക് ഒതുങ്ങരുത്. സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപ തീരുമാനങ്ങളിലും ഉൾപ്പെടെ നിർണായകമായ സ്ഥാനങ്ങളിൽ സ്ത്രീകൾ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്ത്രീകേന്ദ്രീകൃത സിനിമകൾ നിർമിക്കുന്നതുകൊണ്ടുമാത്രം ഒരു ചിത്രം സ്ത്രീപക്ഷമാകില്ലെന്നും തിരശ്ശീലയ്ക്ക് പിന്നിലെ പ്രധാന തീരുമാനങ്ങളും ഉത്തരവാദിത്തങ്ങളും സ്ത്രീകൾക്ക് ലഭിക്കണമെന്നും ശ്രിയ ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രധാന ജോലികളെല്ലാം പുരുഷന്മാർ നിർവഹിക്കുകയും സ്ത്രീകേന്ദ്രീകൃത കഥകൾ മാത്രം അവതരിപ്പിക്കുകയും ചെയ്താൽ അതിനെ എങ്ങനെ സ്ത്രീപക്ഷ സിനിമയായി വിശേഷിപ്പിക്കാനാകുമെന്ന ചോദ്യവും താരം ഉയർത്തി.

സിനിമാ വ്യവസായത്തിൽ മാറ്റങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും യഥാർഥ തുല്യത കൈവരിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ശ്രിയ ശരൺ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക