വിഡി സതീശന്റെ ജാഥ മാറ്റിവെക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല: ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ കോൺഗ്രസ് നേതൃത്വം സമ്മതിക്കാത്തതിനാലാണ് ഐ.എൻ.ടി.യു.സി ദേശീയ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സംസ്ഥാനത്ത് ഐ.എൻ.ടി.യു.സി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മോദി സർക്കാർ തൊഴിലാളി വിരുദ്ധ നടപടികൾ ദിനംപ്രതി ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്ക് ലോകശ്രദ്ധ നേടുന്ന വലിയ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിനെ അനുകൂലിക്കണമെന്ന നിലപാട് ഉണ്ടായിരുന്നുവെങ്കിലും നേതൃത്വം സമ്മതിച്ചില്ലെന്നാണ് ഐ.എൻ.ടി.യു.സി പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നതെന്നും, ഇത് തെറ്റായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിഡി സതീശന്റെ ജാഥ മാറ്റിവെക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലാളി വർഗം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണ് എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക