കോഴിക്കോട് നഗരത്തിലെ പാളയത്ത് പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മി ടെക്സ്റ്റൈല്‍സ് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
കടയുടെ രണ്ടാം, മൂന്നാം നിലകളിലാണ് തീ പടർന്നത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ നിറഞ്ഞ ഭാഗമായതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാരിൽ ആരും അകപ്പെട്ടിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും കട അധികൃതർ അറിയിച്ചു. നിരവധി ജീവനക്കാർ ജോലി ചെയ്യുന്ന വലിയ വസ്ത്രശാലയാണ് ഇത്.
