സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിന്റെ താരമായ സഞ്ജു സാംസന്റെ വീട്ടിൽ സന്ദർശനം നടത്തിസിപിഎം നേതാവ് എം എ ബേബി . ഇന്ത്യയ്ക്ക് ഇതൊരു അഭിമാന നിമിഷമാണെന്നും മലയാളികൾക്ക് അതിൽ കൂടുതൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു അതുല്യമായ കായിക പ്രതിഭ മാത്രമല്ല, മികച്ച കായിക സംസ്കാരത്തിന്റെ ഉടമ കൂടിയാണെന്നും എം. എ. ബേബി അഭിപ്രായപ്പെട്ടു. ലഭിച്ച അവസരം സഞ്ജു മികച്ച രീതിയിൽ ഉപയോഗിച്ചുവെന്ന് താരത്തിന്റെ അച്ഛൻ സാംസൺ പറഞ്ഞു.

സഞ്ജുവിന്റെ അമ്മ ലിജി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണെന്നും, ഓക്‌സിജൻ മാസ്‌ക് ധരിച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്ക്രീനിൽ മത്സരം കാണുകയായിരുന്നുവെന്നും എം. എ. ബേബി പറഞ്ഞു. വനിതാദിനത്തിൽ ഒരു അമ്മയ്ക്ക് ലഭിക്കാവുന്ന വലിയ സമ്മാനമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം , ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. എസ്. ഹരികുമാർ, എം. എ. ബേബിയുടെ ഭാര്യ ബെറ്റി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. വീടിന് പുറത്തും നിരവധി ആരാധകർ കൂടി, ആർപ്പുവിളികളും പടക്കം പൊട്ടിച്ചും സന്തോഷം പങ്കുവെച്ചു

മറുപടി രേഖപ്പെടുത്തുക