പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല; ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല: ജി സുധാകരന്‍

ഒരു പാർട്ടിയിലേക്കോ മുന്നണിയിലേക്കോ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പാർട്ടിയെയോ പാർട്ടി രേഖകളെയോ താൻ തള്ളി പറഞ്ഞിട്ടില്ലെന്നും പാർട്ടിയെ ആക്ഷേപിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 പാർട്ടി കോൺഗ്രസുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും പാർട്ടിക്കായി ജീവിതം സമർപ്പിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങൾ താൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിൽ മത്സരിക്കാനുള്ള ഉദ്ദേശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ദൗത്യവുമായും ആരും തന്റെയടുത്ത് വന്നിട്ടില്ലെന്നും എം എ ബേബി വന്നപ്പോഴും മറ്റ് രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആർ. നാസറും സുജാതയും എത്തിയതായും, സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈസ്കൂൾ കാലത്താണ് താൻ പാർട്ടി അംഗമായതെന്നും ആരുടെയും നിർബന്ധമില്ലാതെ തന്നെയാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക