വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുന്ന സഭാ തർക്കം ആറുമാസത്തിനകം പരിഹരിക്കുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. ഇതിനായി പ്രധാനമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭയവും ആശങ്കയും മൂലമാണ് പ്രതിപക്ഷം ഓരോ മണിക്കൂറിലും ‘ഡീൽ’ ആരോപണം ഉയർത്തുന്നതെന്നും, കേരളത്തിന് പുറത്താകുമ്പോൾ ഒന്നിച്ച് മത്സരിക്കുന്നവരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾക്ക് യാതൊരു ‘ഡീൽ’ ഇല്ലെന്നും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 മത്സരിച്ചാൽ തോൽവി നേരിടേണ്ടി വരുമെന്ന ഭയമാണ് യുഡിഎഫിനുണ്ടെന്നും, ഏകദേശം 15 ശതമാനം വോട്ട് ഷെയർ ഉള്ള ട്വന്റി20 ബിജെപിയുമായി കൈകോർക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്ന ആശങ്കയാണ് അവർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റിപ്പോർട്ടർ ടിവിക്കെതിരെയും അദ്ദേഹം വിമർശനവുമായി രംഗത്തെത്തി. ഇഡി ഭീഷണിയെ ഭയന്നാണ് എൻഡിഎയിൽ ചേർന്നതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മറുപടി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമമാണത് എന്നും, പെരുമ്പാവൂർ കോടതിയിൽ 250 കോടി രൂപയുടെ കേസ് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങളെ ആ ചാനൽ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക