വീടുകൾ നിർമിക്കാൻ കോൺഗ്രസ് ഏറ്റെടുത്തതായി പറയുന്ന വയനാട് കുന്നമ്പറ്റയിലെ ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്ന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നിന്ന് കുന്നമ്പറ്റയിലേക്ക് ബൈക്ക് റാലിയായി എത്തിയാണ് ബോർഡ് സ്ഥാപിച്ചത്.
വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി 230 വീടുകൾ നിർമിക്കാൻ കോൺഗ്രസ് വാങ്ങിയതായി പറയുന്ന 3.5 ഏക്കർ ഭൂമിയിലേക്കുള്ള വഴിയാണെന്നു ബോർഡിൽ രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ ജീർണതയുടെ മുഖം തുറന്നുകാണിക്കാനാണ് ഈ നടപടിയെന്നും വി. വസീഫ് പ്രതികരിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് പറഞ്ഞവരാണ് കോൺഗ്രസ് എന്നും, അത്തരക്കാർക്ക് ടൗൺഷിപ്പിനെക്കുറിച്ച് പറയാനുള്ള അർഹതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ടൗൺഷിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
