മന്ത്രി കെ രാജൻെതിരായ പരിഹാസ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ രംഗത്ത്. “കൂലിപ്പണിക്കാരൻ” എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചോദിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ “വില്ലേജ് ഓഫീസർ” എന്ന് വിളിച്ചിരുന്നത് തെറ്റായിരുന്നോ എന്നും ചോദിച്ചു. ഉമ്മൻ ചാണ്ടി ജനങ്ങളുടെ പണിക്കാരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പിൽ നേരിട്ടെത്തി പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയെ “പണിക്കാരൻ” എന്ന് വിശേഷിപ്പിച്ചുള്ള ചാണ്ടി ഉമ്മന്റെ പരാമർശം. “മന്ത്രിയുടെ രൂപത്തിൽ ഒരു പണിക്കാരനെ കിട്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് മറുപടിയായി മന്ത്രി കെ. രാജൻ പ്രതികരിച്ചിരുന്നു . “കൂലിപ്പണിക്കാരൻ രാജൻ” എന്ന വിളിയിൽ അഭിമാനമുണ്ടെന്നും, അഞ്ച് വർഷം മന്ത്രി ആയിട്ടും ആരും “മുതലാളി രാജൻ” എന്ന് വിളിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയത് താൻ ദന്തഗോപുരവാസി അല്ലാത്തതിനാലാണെന്നും, നാടിന്റെ അഭിമാനം കാക്കാൻ ആവശ്യമായാൽ അതിലും വലിയ ഉയരങ്ങളിൽ കയറാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .
