വിരമിച്ച ശേഷവും ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് സ്വകാര്യ വാഹനത്തിൽ യാത്ര നടത്തിയ സംഭവത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ നിർദേശം നൽകി. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സ്വകാര്യ കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് സ്ഥാപിച്ച് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. കോട്ടയത്ത് കോടതിയിൽ ഹാജരാകുന്നതിനിടെ എടുത്ത ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് വലിയ വിവാദത്തിന് വഴിവച്ചതോടെയാണ് വിഷയത്തിൽ പൊലീസ് നടപടി ശക്തമായത്.
മൂന്ന് വർഷം മുൻപാണ് ടോമിൻ ജെ തച്ചങ്കരി പൊലീസ് സേനയിൽ നിന്ന് വിരമിച്ചത്. വിരമിച്ച ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ലെന്ന നിയമം നിലനിൽക്കുന്നതിനാൽ, സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
