ആര് മുഖ്യമന്ത്രിയാകും എന്ന് മെയ് 10ന് അറിയാം; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഡൽഹിയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. മെയ് 10ന് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്തുന്നതിനായി കോൺഗ്രസ് നേതാക്കൾ മെയ് 7ന് ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ നയിച്ച സതീശൻ, മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചതിനാൽ അദ്ദേഹത്തിനായിരിക്കും മുൻതൂക്കം ലഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു.

മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയുടെയും പേര് ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ, തർക്കം ഉയർന്നാൽ ഒത്തുതീർപ്പ് സാധ്യതയായി കെ.സി. വേണുഗോപാലിന്റെ പേരും പരിഗണനയിൽ ഉണ്ടെന്ന് സൂചനകളുണ്ട്.

എന്നാൽ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ സാഹചര്യത്തിൽ വിജയത്തിന് നേതൃത്വം നൽകിയ വി.ഡി. സതീശനാണ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക