എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണ പ്രഖ്യാപിച്ച് കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ മുൻപന്തിയിലുള്ള നേതാക്കളിൽ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെ സി വേണുഗോപാലുമായും വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും, വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും ടി പത്മനാഭൻ വ്യക്തമാക്കി. പരിചയം, വാർത്തകൾ, വ്യക്തിബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കെ സി വേണുഗോപാലിനാണ് തന്റെ ആദ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
“പരമയോഗ്യനായ നേതാവാണ് കെ സി വേണുഗോപാൽ. പാർലമെന്റിലും നിയമസഭയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം,” എന്ന് ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി പ്രവർത്തിക്കുന്ന, അദ്ദേഹത്തെ നയിക്കുന്ന കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിന് ഇതാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ നടത്തിയ പ്രതികരണത്തിലാണ് ടി പത്മനാഭൻ ഈ നിലപാട് വ്യക്തമാക്കിയത്.
