നഴ്‌സിങ് സേവനം അവശ്യ സർവീസാക്കാത്തത് എന്തുകൊണ്ട്; നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ല: ഹൈക്കോടതി

നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളാ ഹൈക്കോടതി . അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ നിരീക്ഷിച്ചു.

ആശുപത്രി മാനേജ്‌മെന്റുകൾ മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണം തള്ളുന്നില്ലെങ്കിലും, അത് സമരത്തിനുള്ള ന്യായമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ശമ്പള വർധന ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം നടത്തുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിച്ചത്. സമരത്തിനിടെ നഴ്‌സിങ് ജോലികൾക്ക് മറ്റുള്ളവരെ നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യു എൻ എ ആണ് ഹർജി നൽകിയത്.

ജോലി സമയത്തിന് ശേഷം സമരം നടത്തുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

മറുപടി രേഖപ്പെടുത്തുക