പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; 12 വർഷത്തെ ഗരീബ് കല്ല്യാൺ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യം കൈവരിച്ച തന്ത്രപ്രധാനമായ പരിവർത്തനങ്ങളും വികസന നേട്ടങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ ഭരണകാലത്തെ പ്രമുഖ ജനക്ഷേമ പദ്ധതികളുടെ വിജയത്തെക്കുറിച്ച് സംസാരിച്ചത്. കേന്ദ്ര സർക്കാരിന്റെ എല്ലാ ശ്രമങ്ങൾക്കും പിന്നിലെ യഥാർത്ഥ പ്രചോദനം ‘അന്ത്യോദയ’ ആണെന്നും, ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ് സർക്കാരിന്റെ ഓരോ നയങ്ങളുടെയും കാതലെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി രാജ്യത്ത് പിന്നാക്കം നിന്നുപോയ ജനവിഭാഗങ്ങളിലേക്ക് വികസനത്തിന്റെ യഥാർത്ഥ നേട്ടങ്ങൾ നേരിട്ട് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

’12 വർഷത്തെ ഗരീബ് കല്ല്യാൺ’ എന്ന പ്രത്യേക ഹാഷ്‌ടാഗോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. തന്റെ ഭരണകാലത്ത് രാജ്യത്ത് ആരംഭിച്ച വിവിധ ക്ഷേമ സംരംഭങ്ങളെയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ അവ ചെലുത്തിയ സ്വാധീനത്തെയും അദ്ദേഹം കുറിപ്പിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു.

“കഴിഞ്ഞ 12 വർഷമായി ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഈ മാറ്റങ്ങളുടെയെല്ലാം പ്രധാന കേന്ദ്രബിന്ദു ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമം തന്നെയാണ്. അന്ത്യോദയ ദർശനങ്ങളിൽ നിന്നാണ് ഞങ്ങൾക്ക് എപ്പോഴും മുന്നോട്ട് പോകാനുള്ള പ്രചോദനം ലഭിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി വികസന പ്രക്രിയകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരിലേക്ക് അതിന്റെ എല്ലാ ഫലങ്ങളും എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിരന്തരമായ ശ്രമം.”- – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ എഴുതി.

രാജ്യത്തെ സാധാരണക്കാരായ പൗരന്മാർക്ക് അന്തസ്സും പുതിയ അവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിജയകരമായി നടപ്പിലാക്കിയ പ്രധാന പദ്ധതികളും പ്രധാനമന്ത്രി തന്റെ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു:.സാധാരണക്കാരെ ബാങ്കിംഗ് ശൃംഖലയുടെ ഭാഗമാക്കിയ ‘ജൻ ധൻ അക്കൗണ്ടുകൾ’., ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, രാജ്യത്തെ ശുചിത്വപൂർണ്ണമാക്കിയ ‘സ്വച്ഛ് ഭാരത് മിഷൻ’, സാധാരണക്കാർക്ക് സൌജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ആയുഷ്മാൻ ഭാരത്’, എല്ലാവർക്കും സുരക്ഷിതമായ പാർപ്പിടം നൽകുന്ന ‘പ്രധാൻ മന്ത്രി ആവാസ് യോജന’, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ‘ജൽ ജീവൻ മിഷൻ.എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.

ഈ പദ്ധതികളെല്ലാം തന്നെ രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക