തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി പകരം ‘വിബി ഗ്രാം ജി’ (VB-GRAM G) പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജൂലൈ 1ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) അറിയിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി.
“തൊഴിലുറപ്പ് അവകാശമാണ്, ഗ്രാമീണ തൊഴിൽ അട്ടിമറിക്കാൻ അനുവദിക്കില്ല” എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. ഗ്രാമസഭകളുടെ അധികാരം ദുർബലപ്പെടുത്തി, ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ ജീവിതോപാധിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെഎസ്‌കെടിയു ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും ‘വിബി ഗ്രാം ജി’ പദ്ധതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. കേന്ദ്ര സർക്കാരിന്റെ ഈ നീക്കങ്ങൾക്ക് സംസ്ഥാന സർക്കാരും പരോക്ഷ പിന്തുണ നൽകുകയാണെന്നും യൂണിയൻ വിമർശിച്ചു.
സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിക്കായി നീക്കിവെച്ച തുക ഗണ്യമായി കുറച്ചതായും ഇത് തൊഴിലാളിവർഗത്തോടുള്ള അവഗണനയാണെന്നും കെഎസ്‌കെടിയു ആരോപിച്ചു. ഗ്രാമീണ ജനവിഭാഗങ്ങളുടെ ഉപജീവന മാർഗങ്ങളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
കർഷക തൊഴിലാളികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതാവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽ പൊതുസമൂഹം ഒന്നടങ്കം പങ്കുചേരണമെന്ന് കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
