അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വ്യാജവാർത്ത; അഞ്ച് ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അഞ്ച് വാർത്താ ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്, മീഡിയവൺ, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകൾക്കാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വക്കീൽ നോട്ടീസ് അയച്ചത്. വിവാദ വാർത്തകൾ ഉടൻ പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നാണ് നോട്ടീസിലെ ആവശ്യം.

റിപ്പോർട്ടർ ടി.വിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചാനലുകൾ വ്യാജവാർത്തകൾ നൽകിയതെന്നാണ് വക്കീൽ നോട്ടീസിലെ ആരോപണം. വാർത്തകളുടെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നും ഇത്തരം വാർത്തകൾ ആവർത്തിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ലയണൽ മെസിയുടെ പേരിൽ പണം പിരിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയെയും റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. റിപ്പോർട്ടർ ടി.വിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വാർത്തകളെന്നും ഏഷ്യാനെറ്റ് സാങ്കൽപ്പിക കഥകൾ വാർത്തകളാക്കുകയാണെന്നും ആന്റോ അഗസ്റ്റിൻ വിമർശിച്ചു.

ആയിരക്കണക്കിന് ആളുകളിൽ നിന്ന് മെസിയുടെ പേരിൽ പണം പിരിച്ചെന്ന വാർത്തയിൽ പരാമർശിക്കുന്നവരുടെ പേരോ വിലാസമോ പരാതിയോ പുറത്തുവിടാൻ ഏഷ്യാനെറ്റിന് കഴിയുന്നില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലേയെന്നും ആന്റോ അഗസ്റ്റിൻ ചോദ്യം ഉന്നയിച്ചു.

അന്താരാഷ്ട്ര മത്സരം നടത്താമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളിൽ നിന്ന് പണം പിരിച്ചെന്നും മത്സരം നടക്കാതിരുന്നിട്ടും ആരും പരാതിപ്പെടാതെ പ്രശ്നം പരിഹരിച്ചെന്നുമുള്ള വാർത്തയിലെ ആരോപണങ്ങളെ പരിഹസിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. ആരോപണങ്ങളിൽ വസ്തുതകളില്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ നിലപാട്.

മറുപടി രേഖപ്പെടുത്തുക