ചീമേനി ആണവനിലയ പദ്ധതി പരിഗണനയിലില്ല; സർക്കാർ മുന്നോട്ട് പോകില്ലെന്ന് സണ്ണി ജോസഫ്

കാസർകോട് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ചീമേനി ആണവനിലയ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. പ്രദേശത്തെ എംപിയും എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് കളക്ടറേറ്റിൽ നടന്ന വകുപ്പ് തല അവലോകന യോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആണവനിലയവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഉഡുപ്പി–കരിന്തളം പവർ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് അർഹരായ എല്ലാവർക്കും നഷ്ടപരിഹാരം നൽകുമെന്നും വികസനത്തിന്റെ പേരിൽ ആരും ബുദ്ധിമുട്ടരുതെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. മൈലാട്ടി ബാറ്ററി സ്റ്റോറേജ് സിസ്റ്റം, മുള്ളേരിയ സബ്‌സ്റ്റേഷൻ തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

കാസർകോട് ജില്ലയിലെ ചീമേനിയും തൃശൂർ ജില്ലയിലെ അതിരപ്പള്ളിയും നേരത്തെ ആണവനിലയത്തിനായി പരിഗണിച്ച പ്രദേശങ്ങളായിരുന്നു. ചീമേനിയിൽ 440 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. ഇതിനായി പ്രാഥമിക പഠനങ്ങളും നടത്തിയിരുന്നെങ്കിലും പ്രാദേശിക പ്രതിഷേധവും ഭരണതലത്തിലുള്ള കാലതാമസവും പദ്ധതി മുന്നോട്ട് പോകുന്നത് തടസ്സപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക