ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ തടയുന്നതിനിടെ പൊലീസ് ബലപ്രയോഗം നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. എംപിമാരായ കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സിജെപി പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധം തടയാൻ ലോക് കല്യാൺ മാർഗ് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
പ്രതിഷേധത്തിനിടെ ഡീൻ കുര്യാക്കോസിനെ പൊലീസ് കയ്യേറ്റം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും, പൊലീസ് വാഹനത്തിനുള്ളിലും ഉദ്യോഗസ്ഥർ മർദിച്ചതായും ഡീൻ ആരോപിച്ചു. പി.സി. വിഷ്ണുനാഥിനെയും ബലമായി വാഹനത്തിലേക്ക് കയറ്റിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിനിടെ അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിലെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. എന്നാൽ സമരം അവസാനിപ്പിക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വം തള്ളുകയായിരുന്നു. വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായേക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്ത സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് നടപടിക്ക് മറുപടി തേടിയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്നും, വിഷയത്തിൽ ചർച്ച നടത്താനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
