എനിക്കെതിരെ എന്ത് നടപടിയെടുത്താലും അതിൽ എനിക്ക് പ്രശ്നമില്ല; വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്: രാഹുൽ ഗാന്ധി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുരുതരമായ പരാജയമാണെന്ന് ആരോപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധ റാലിക്ക് പിന്നാലെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ നടപടിയെ രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച അദ്ദേഹം, സമാധാനപരമായി സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കെതിരെ എന്തിനാണ് ബലപ്രയോഗം നടത്തിയതെന്ന് ചോദിച്ചു.

“എനിക്കെതിരെ എന്ത് നടപടിയെടുത്താലും അതിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്,” എന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർ പോലും രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഏകദേശം 152 തവണ ചോർന്നതായി ആരോപിച്ചു. ഇതിന്റെ പ്രത്യാഘാതം 7.5 കോടി വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വാർഷിക വിദ്യാഭ്യാസ ബജറ്റ് ഏകദേശം 1.4 ലക്ഷം കോടി രൂപ മാത്രമാണെങ്കിലും, നീറ്റ് പരീക്ഷയ്ക്കായി മാത്രം വിദ്യാർത്ഥികൾ ഏകദേശം 1.32 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് നിലവിലെ വിദ്യാഭ്യാസ സംവിധാനം കൂടുതൽ ഭാരമാകുകയാണെന്നും, വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിദ്യാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക