സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയം; ബഹിരാകാശ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌പേസ് എക്‌സ്

ബഹിരാകാശ പര്യവേഷണ രംഗത്ത് മറ്റൊരു ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്. ടെക്സാസിലെ ബോക ചിഗയിലെ സ്റ്റാർബേസ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയകരമായി ബഹിരാകാശത്തെത്തി. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാൻ ലക്ഷ്യമിടുന്ന പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനത്തിന്റെ വികസനത്തിലെ സുപ്രധാന ഘട്ടമായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്.

ശനിയാഴ്ച രാവിലെ നടന്ന വിക്ഷേപണത്തിൽ സ്റ്റാർഷിപ്പ് നിശ്ചിത സമയക്രമം പാലിച്ച് ബഹിരാകാശത്ത് പ്രവേശിച്ചു. വിക്ഷേപണത്തിന് രണ്ട് മിനിറ്റിന് ശേഷം ബൂസ്റ്റർ വിഭാഗം പ്രധാന പേടകത്തിൽ നിന്ന് വേർപെട്ടു. എന്നാൽ മെക്സിക്കോ ഉൾക്കടലിൽ നിയന്ത്രിതമായി ഇറങ്ങേണ്ടിയിരുന്ന ബൂസ്റ്റർ-20 സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിജയകരമായി ലാൻഡ് ചെയ്യാനായില്ല.

അതേസമയം, പ്രധാന ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പ്-40 ദൗത്യം വിജയകരമായി പൂർത്തിയാക്കി. അടുത്ത തലമുറയിലെ ഏകദേശം 20 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. ഏകദേശം ഒന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി സ്പ്ലാഷ്‌ഡൗൺ നടത്തി.

ഒരു സ്റ്റാർഷിപ്പ് പേടകം ആദ്യമായി സുരക്ഷിതമായി കടലിൽ ഇറങ്ങിയത് വലിയ നേട്ടമാണെന്ന് സ്‌പേസ് എക്‌സ് അധികൃതർ അറിയിച്ചു. “ഇത് വളരെ സന്തോഷകരമായ കാഴ്ചയാണ്,” എന്ന് കമ്പനി പ്രതികരിച്ചു. ദൗത്യത്തിന്റെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്ക് നിർണായകമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 പുതിയ പ്രതീക്ഷകൾ നൽകുന്നതായാണ് ബഹിരാകാശ വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക