ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് പിന്നിട്ട് മോദി; ചരിത്ര നേട്ടം സ്വന്തമാക്കിയ ആദ്യ രാഷ്ട്രീയ നേതാവ്

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 105 മില്യൺ (10.5 കോടി) ഫോളോവേഴ്‌സാണുള്ളത്.

വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ പങ്കുവെച്ച ഒരു റീൽസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയതോടെയാണ് മോദിയുടെ ഫോളോവേഴ്‌സ് എണ്ണം കുത്തനെ ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഈ നേട്ടത്തോടെ ആഗോള രാഷ്ട്രീയ നേതാക്കൾക്കിടയിലും സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ കാര്യത്തിൽ മോദി കൂടുതൽ ശക്തമായ മുന്നേറ്റം കൈവരിച്ചു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 16.1 മില്യൺ പേരും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 12.6 മില്യൺ പേരുമാണ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

2014-ലാണ് നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. സർക്കാർ പരിപാടികൾ, വിദേശ സന്ദർശനങ്ങൾ, ഔദ്യോഗിക ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്കൊപ്പം യുവാക്കളുമായും വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കുന്ന റീൽസ് വീഡിയോകളും അദ്ദേഹം സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഈ സമീപനമാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തതെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക