സർക്കാർ പദ്ധതികളുടെ വേഗം കൂട്ടാൻ പുതിയ നീക്കങ്ങൾ; ജിയോ ടാഗിങ്ങും പ്രോജക്ട് രജിസ്റ്ററും വരുന്നു

സർക്കാർ പദ്ധതികൾ വൈകുന്നതിലൂടെ ഖജനാവിനുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുക.

സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അസറ്റ് മാനേജ്മെന്റ് പോർട്ടൽ രൂപീകരിക്കും. കൂടാതെ ‘പ്ലാൻ സ്പേസ് 2.0’ എന്ന പ്രോജക്ട് രജിസ്റ്ററും ജിഐഎസ് അധിഷ്ഠിത പ്രോജക്ട് ട്രാക്കിങ് സംവിധാനവും ഒരുക്കും.

വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യുമെന്നും നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ് വഴി നിരീക്ഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്റ്റർ തയ്യാറാക്കും. നിലവിലുള്ള 591 സർക്കാർ സ്ഥാപനങ്ങളിൽ ഏകദേശം 19,000 കോടി രൂപയാണ് ശമ്പളത്തിനായി ചെലവഴിക്കുന്നത്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് ഭേദഗതി വരുത്തും. പദ്ധതികൾ നടപ്പാക്കുന്നതിലെ തടസ്സങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യങ്ങളും ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കാനും നിയമങ്ങളും ചട്ടങ്ങളും ആധുനികവത്കരിക്കാനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക