മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ചിന്താ ജെറോം. മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം രാഷ്ട്രീയവും ധിക്കാരപരവുമാണെന്ന് ചിന്താ ജെറോം ആരോപിച്ചു. സ്വകാര്യ വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്തില്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ വിമർശിച്ചു.
ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി യാത്ര നടത്തിയെന്നും യാത്രയ്ക്ക് ഏകദേശം 19.85 ലക്ഷം രൂപ ചെലവായതിന്റെ ഇൻവോയ്സ് പുറത്തുവന്നിട്ടുണ്ടെന്നും ചിന്താ ജെറോം പറഞ്ഞു. സൗജന്യ യാത്രയിലൂടെ സർക്കാർ ഖജനാവിന് സാമ്പത്തിക ലാഭമുണ്ടായെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അഴിമതിയെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു.
സർക്കാർ സംവിധാനങ്ങളിൽ സ്പോൺസർഷിപ്പ് സംസ്കാരം വളരുന്നത് അപകടകരമാണെന്നും ചിന്താ ജെറോം പറഞ്ഞു. ഇത്തരം നടപടികൾ വില്ലേജ് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ സ്പോൺസർഷിപ്പ് തുക സ്വീകരിക്കുന്ന സാഹചര്യത്തിലേക്ക് വഴിവെക്കുമെന്നായിരുന്നു വിമർശനം.
‘ലൂസിഫർ’ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വി.ഡി. സതീശൻ ഇപ്പോൾ ബോബി എന്ന വില്ലൻ കഥാപാത്രമായി മാറിയിരിക്കുകയാണെന്നാണ് അവർ പരിഹസിച്ചത്. കേരളത്തെ മുഴുവൻ വിറ്റുമുടിക്കാനാണോ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചിന്താ ജെറോം ചോദിച്ചു.
വലിയ തുകകൾ നൽകാൻ സ്പോൺസർമാർ തയ്യാറാണെങ്കിൽ, പാവപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് ഇൻവെർട്ടറുകൾ വാങ്ങിനൽകാനും കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനും വയനാട്ടിൽ വീടുകൾ നിർമിച്ചുനൽകാനും മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും ചിന്താ ജെറോം ആവശ്യപ്പെട്ടു.
