പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ലെന്ന് യു‍ഡിഎഫ്

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യു‍ഡിഎഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി എത്തിയിരിക്കുന്നതെന്ന് യു‍ഡിഎഫ് നേതാവ് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് ചേർന്ന യു‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സംസ്ഥാനത്ത് ഏതെല്ലാം സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് യു‍ഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും, സംസ്ഥാനത്തിന് അർഹമായ തുക ഏറ്റുവാങ്ങുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് എത്തിയതെന്നാണ് വിവരം.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചതല്ലാതെ സ്കൂളുകൾ തെരഞ്ഞെടുക്കുന്ന നടപടികളിൽ പങ്കെടുത്തിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പാർലമെന്റിൽ അറിയിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഇതുവരെ പദ്ധതിയുടെ ഫണ്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും കേന്ദ്രമന്ത്രി പാർലമെന്റിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക